തല തിരിഞ്ഞ ന്യായീകരണങ്ങൾ
ഇവിടെയാണ് 16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാമെന്ന സർകുലർ തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കുന്നത് ( അത് ജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിച്ചു, ഭേദപ്പെടുത്തിയ സർകുലർ ഇറക്കി ) പുതിയ സർക്കുലർ മത ഭേദമന്യേ ഇതുവരെ കഴിഞ്ഞിട്ടുള്ള 16 വയസ്സിനും 18 വയസ്സിനും ഇടക്കുള്ള പെണ്‍കുട്ടികളുടെയും , 21 തികയാത്ത ആണ്‍കുട്ടികളുടെയും വിവാഹം സമയ പരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നു .
എന്നാൽ എന്റെ ഈ കുറിപ്പ് ആദ്യത്തെ സർക്കുലർ ഇറങ്ങിയതിനു ശേഷം ജനങ്ങളുടെ എതിർപ്പിനെതിരെ ഓണ്‍ലൈൻ മീഡിയകളിൽ പ്രചരിച്ച മുകളിൽ കാണുന്ന ഫോട്ടോയെ പറ്റിയാണ്. അവരുടെ വാദം സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനു 16 വയസ്സ് മതിയെങ്കിൽ കല്യാണത്തിനു എന്ത് കൊണ്ട് 18 വയസ്സ് എന്നാണ്. കേട്ടാൽ വളരെ ന്യായമുള്ള , കാമ്പുള്ള ചോദ്യം!
എന്ത് കൊണ്ട് മുസ്ലിം സമുദായത്തിലെ മാത്രം പെണ്‍കുട്ടികൾക്ക് ബാധകമായ ഒരു നിയമം എന്ന അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരത്തിലേക്കു കടന്നാൽ പലരുടെയും കപട മതൈതര മുഖം മൂടി വലിച്ചു കീറെണ്ടി വരും. അതിനു മുതിരുന്നില്ല . എന്റെ ഉദ്ദേശം യുക്തിരഹിതമായ വാദം ചൂണ്ടി കാണിക്കുക എന്നാണ് .
16 വയസ്സുള്ള, സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപെടുന്ന പെണ്‍കുട്ടികളും , 16 വയസ്സിൽ നിക്കാഹ് കഴിച്ചു കൊടുക്കപ്പെടുന്ന പെണ്‍കുട്ടികളും പരിപൂർണമായി വേറിട്ട 2 വിഭാഗങ്ങൾ ആണ് . ഭൂരിഭാഗം കുട്ടികളും പഠനത്തിന് മറ്റുമായി കുടുംബത്തിൽ നിന്നു മാറി നിൽക്കുമ്പോൾ ആണ് വിവാഹ പൂർവ്വ ലൈംഗിക ബന്ധത്തിന് പോകുന്നത് . ഒരു രീതിയിലും ഞാൻ അത് ന്യായീകരിക്കുന്നില്ല . മറ്റുള്ളവരുടെ ശരികളും തെറ്റുകളും നമ്മുടെ തന്നെ ആവണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ . അപ്പോൾ പിന്നെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിൽ എന്തിനു അഭിപ്രായം പറയണം എന്ന് തീര്‍ച്ചയായും ഈ ഫോട്ടോ പ്രചരിപ്പിക്കുന്ന സഹോദരർ ചോദിക്കാം .
16 വയസ്സിൽ ബാലവധുക്കൾ ആവുന്ന പല സഹോദരിമാർക്കും ഇതിനെതിരെ ശബ്ദിക്കാനുള്ള ത്രാണിയില്ല, സ്ഥാനമില്ല. എന്റെ ഈ ഉത്തരം അവര്‍ക്ക് വേണ്ടിയാണ് . ഹയർ സെക്കന്ററി വിദ്യാഭ്യാസം പോലുമില്ലാത്ത ഇവർക്ക് ദുർവിധി മൂലം ഉപദ്രവിക്കുന്ന ഭർത്താവിനെയോ ഭർതൃവീട്ടുകാരെയോ ലഭിച്ചാൽ, ആ വിവാഹത്തിൽ നിന്ന് പുറത്തു വരാനോ , തന്നെയും തന്റെ കുഞ്ഞുങ്ങളെയും നോക്കാനോ പോലുമുള്ള ഒരു ധൈര്യം ഉണ്ടാവില്ല . സ്വന്തം കാലിൽ നിൽക്കാമെന്ന ഒരുഉറപ്പുണ്ടെങ്കിൽ ഇത് പോലെ കണ്ണീരു കുടിക്കുന്ന അവസ്ഥ പല സ്ത്രീകള്‍ക്കും വരില്ല. ഈ വിവാഹങ്ങൾ ഏറെയും നടക്കുന്നത് വടക്കൻ കേരളത്തിലെ സാമ്പത്തികമായി പിന്നോട്ട് നില്കുന്ന മുസ്ലിം കുടുംബങ്ങളിൽ ആണ് . 'പാഠം ഒന്ന് , ഒരു വിലാപം ' എന്ന ചലച്ചിത്രം ഒരുപാട് "റസിയ"മാരുടെ ജീവിതത്തിലെ കണ്ണീരിൽ കുതിർന്ന ഒരേടാണ്. സ്ഥാന മാനങ്ങളും, അധികാരവും സാമ്പത്തികശേഷിയും സർവ്വോപരി വിദ്യാഭ്യാസവും പുരുഷന്റെ കുത്തകയാക്കുകയും, സ്ത്രീയെ ചോറും, കറിയും, കുഞ്ഞുങ്ങളും ഉണ്ടാക്കുന്ന, വീട്ടിലെ ശബ്ദമില്ലാത്ത ഉപകരണം ആക്കുക്കയുമില്ല സത്യമുള്ള ഒരു മതവും . മതം മനുഷ്യനെ ശാക്തീകരിക്കണം, സമൂഹത്തിൽ സമത്വം കൊണ്ട് വരണം , നന്മ വളർത്തണം - അല്ലാതെ ഇന്നത്തെ സമൂഹത്തിൽ അർത്ഥമില്ലാത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള ദുരാചാരങ്ങൾ തിരികെ കൊണ്ട് വരാൻ പ്രയത്നിക്കുകയല്ല യഥാർത്ഥ വിശ്വാസികൾ ചെയ്യേണ്ടത്.
തിന്മയ്ക്കെതിരെ പ്രതികരിക്കാത്തത് തിന്മയെ അനുകൂലിക്കുന്നത് ആണെന്ന എന്റെ ദൃഢമായ വിശ്വാസമാണ് പലർക്കും മുറുമുറുപ്പുണ്ടാക്കുമെന്നു അറിഞ്ഞിട്ടും ഇതെഴുതാൻ എന്നെ നിർബദ്ധിച്ചതു - ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ സദയം ക്ഷമിക്കുക.